---
title: "ആരോട് പറയാൻ..?, ആര് കേൾക്കാൻ..? ; കാൽനടയാത്ര പോലും സാധ്യമാവാത്ത വിധം തകർന്ന് കുട്ടിമാക്കൂൽ - എരഞ്ഞോളിപ്പാലം റോഡ്"
english_title: "Kuttimakul - Eranjolipalam road has collapsed to the point where even walking is not possible"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307505/Kuttimakul - Eranjolipalam road has collapsed to the point where even walking is not possible"
published_at: "2025-08-09T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689736cfbdd61_1000833565.jpg"
keywords: []
---

# ആരോട് പറയാൻ..?, ആര് കേൾക്കാൻ..? ; കാൽനടയാത്ര പോലും സാധ്യമാവാത്ത വിധം തകർന്ന് കുട്ടിമാക്കൂൽ - എരഞ്ഞോളിപ്പാലം റോഡ്

> **Lead Summary:** റോഡ് തകർച്ച പാരമ്യത്തിലെത്തി കുട്ടിമാക്കൂൽ - എരഞ്ഞോളി പാലം റോഡ്. ദിവസന നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണിത്.

## Article Content

റോഡ് തകർച്ച പാരമ്യത്തിലെത്തി കുട്ടിമാക്കൂൽ - എരഞ്ഞോളി പാലം റോഡ്. ദിവസന നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണിത്.

പലയിടങ്ങളിലായി പൊട്ടിപ്പൊളിഞ്ഞ് വൻ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളും, ഓട്ടോറിക്ഷകളും അപകടത്തിൽപ്പെടുന്നത് പതിവാണ്.

മഞ്ഞോടിയിലെ ഗതാഗത സ്തംഭനം ഒഴിവാക്കി തലശേരി നഗരത്തിലെത്താമെന്നതിനാൽ കുട്ടിമാക്കൂൽ - എരഞ്ഞോളിപ്പാലം റോഡിനെ ആശ്രയിക്കുന്നത് നിരവധി യാത്രക്കാരാണ്.

കോപ്പാലത്തേക്ക് ഇന്ധനം നിറക്കാൻ എത്തുന്ന ബസ്സുൾപ്പടെയുള്ള വാഹനങ്ങൾ സഞ്ചരിക്കുന്നതും ഈ റോഡ് വഴിയാണ്. തലശേരി - മാഹി ബൈപ്പാസിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതും, മലബാർ ക്യാൻസർ സെൻ്ററിലേക്കുള്ള യാത്രക്കാർ കടന്നു പോകുന്നതും ഇത് വഴിയാണ്. അതുകൊണ്ടുതന്നെ ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകും. ഈ റോഡാണിപ്പോൾ കാൽനടയാത്ര പോലും സാധ്യമാകാത്ത വിധം തകർന്ന് തരിപ്പണമായത്. കുട്ടിമാക്കൂലിൽ റോഡിൻ്റെ പ്രവേശന കവാടത്തിൽ വൻ കുഴിയാണുള്ളത്. വളവിൽ തന്നെയായതിനാൽ വശം തെറ്റിച്ച് വാഹനങ്ങൾ കടന്നു വരുന്നത് അപകടങ്ങൾക്കിടയാക്കുന്നുണ്ട്. കുഴിയുള്ളതറിയാതെ ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നുണ്ട്.

മഴക്കാലത്താണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത്. വെള്ളം കെട്ടിക്കിടക്കുമ്പോൾ കുഴിയുടെ ആഴം അറിയാതെ ഓട്ടോറിക്ഷകളും, ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെടുന്നുണ്ട്.

ഈ റോഡിൽ തന്നെ ആറിടങ്ങളിൽ തകർച്ചയുണ്ട്. ഇതിൻ്റെ തുടർച്ചയായുള്ള സർക്കസ് കുലഗുരു കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചർ റോഡും തകർന്ന് തരിപ്പണമാണ്. റോഡ് പൂർണമായും ടാർ ചെയ്താൽ മാത്രമെ ഗതാഗതം സുഖമമാകൂവെന്ന് വാഹന ഡ്രൈവർമാരും പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307505/Kuttimakul - Eranjolipalam road has collapsed to the point where even walking is not possible)